തേയിലക്ഷാമത്തിന് പരിഹാരം ;
ലേലം തുടരും
സംസ്ഥാനത്ത് പൊടിത്തേയിലയുടെ ക്ഷാമം അവസാനിക്കുന്നു. ലോക്ക്ഡൗൺ കാരണം 20 ദിവസമായി മുടങ്ങിയിരുന്ന തേയില ലേലം പുനഃസ്ഥാപിച്ചതോടെയാണ് ഇത്. വില്ലിങ്ടൺ ഐലൻഡിലെ ലേല കേന്ദ്രത്തിൽ ചൊവ്വാഴ്ച പൊടിത്തേയിലയുടെയും ബുധനാഴ്ച ഇലത്തേയിലയുടെയും ലേലം നടന്നു. സംസ്ഥാന സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് ടീ ട്രേഡ് അസോസിയേഷൻ ഓഫ് കൊച്ചിൻ ലേലം പുനരാരംഭിച്ചത്.
അടുത്ത ലേലം ഏപ്രിൽ 16, 17 തീയതികളിലാണ്. 8.42 ലക്ഷം കിലോഗ്രാം പൊടിത്തേയിലയും 1.84 ലക്ഷം കിലോഗ്രാം ഇലത്തേയിലയുമാണ് അടുത്തയാഴ്ച ലേലം ചെയ്യുന്നത്. ഇതുകൂടി വിപണിയിലെത്തുന്നതോടെ സംസ്ഥാനത്തെ തേയിലക്ഷാമം പൂർണമായി മാറും. തേയിലയെ അവശ്യവസ്തുവായി സർക്കാർ പ്രഖ്യാപിച്ചതോടെ, തോട്ടങ്ങളിൽനിന്ന് വരും ദിവസങ്ങളിൽ കൂടുതൽ തേയില എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈയാഴ്ചത്തെ ലേലത്തിൽ 8.90 ലക്ഷം കിലോ പൊടിത്തേയിലയാണ് എത്തിയത്. ഇതിൽ 8.19 ലക്ഷം കിലോയും വിറ്റഴിക്കാനായി. അതായത്, ലേലത്തിൽ െവച്ചതിന്റെ 92 ശതമാനവും വിറ്റു. ശരാശരി വില കിലോയ്ക്ക് 120.90 രൂപയായി ഉയർന്നിട്ടുണ്ട്.
2.50 ലക്ഷം കിലോയും സപ്ലൈകോയാണ് ലേലത്തിലെടുത്തത്. സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങളുടെ കിറ്റിൽ കാൽ കിലോ ശബരി തേയിലയും നൽകുന്നുണ്ട്. ഇതിനായാണ് സപ്ലൈകോ വൻതോതിൽ തേയില ലേലത്തിൽ എടുക്കുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.എം. അലിഅസ്ഗർ പാഷ പറഞ്ഞു. അടുത്തയാഴ്ചകളിലെ ലേലത്തിലും സപ്ലൈകോ പങ്കെടുക്കും. പ്രാദേശികമായി സംഭരിക്കാനും പദ്ധതിയുണ്ട്.
സപ്ലൈകോ കഴിഞ്ഞാൽ എ.വി.ടി.യാണ് ഏറ്റവും കൂടുതൽ തേയില ലേലത്തിൽ വാങ്ങിയത്. ഏതാണ്ട് 90,000 കിലോയാണ് അവർ സ്വന്തമാക്കിയത്. ബുധനാഴ്ച നടന്ന ഇലത്തേയില ലേലത്തിൽ മൊത്തം 2.30 ലക്ഷം കിലോ എത്തി. ലോക്ക്ഡൗൺ ആയതോടെ സംസ്ഥാനത്ത് തേയില ഉപഭോഗം കൂടിയെന്നാണ് കണക്കാക്കുന്നത്. വീട്ടിലിരിക്കുന്നവർ ചായകുടി കൂട്ടിയതാണ് കാരണം.
-ആർ. റോഷൻ
(2020 ഏപ്രിൽ 9-ലെ ‘മാതൃഭൂമി’ വാണിജ്യം പേജിൽ പ്രസിദ്ധീകരിച്ചത്)–