കഴിഞ്ഞ ഒമ്പതു ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയും കൂടി. ഇതോടെ കൊച്ചി നഗരത്തിൽ പെട്രോൾ വില ലിറ്ററിന് 76.42 രൂപയും ഡീസലിന് 70.65 രൂപയുമായി.
കേന്ദ്ര സർക്കാരിനും എണ്ണക്കമ്പനികൾക്കും മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്കും ഇതോടെ കൂടുതൽ പണമൊഴുകും.
ഒരു ലിറ്റർ പെട്രോളിൽനിന്ന് 1.50 രൂപയുടെയും ഡീസലിൽനിന്ന് 1.12 രൂപയുടെയും അധിക വരുമാനമാണ് ഈ വില വർധനയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുക. വില ഇനിയും കൂടിയില്ലെങ്കിൽ പോലും പ്രതിമാസം പെട്രോളിൽനിന്ന് 25 കോടി രൂപയുടെയും ഡീസലിൽനിന്ന് 22.80 കോടി രൂപയുടെയും അധിക വരുമാനം.
സംസ്ഥാനത്ത് ഒരു മാസം ശരാശരി 16.65 കോടി ലിറ്റർ പെട്രോളും 20.35 കോടി ലിറ്റർ ഡീസലും വിൽക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു ലിറ്റർ പെട്രോളിൻമേൽ 30.08 ശതമാനം വില്പന നികുതി, അതിന്റെ ഒരു ശതമാനം പ്രളയ സെസ്, ഒരു രൂപ റോഡ് വികസന സെസ് എന്നിവ ഈടാക്കുന്നുണ്ട്. ഒരു ലിറ്റർ ഡീസലിൻമേൽ 22.76 ശതമാനം വില്പന നികുതി, അതിന്റെ ഒരു ശതമാനം പ്രളയ സെസ്, ഒരു രൂപ റോഡ് വികസന സെസ് എന്നിവയുണ്ട്. അതായത്, പെട്രോളിൽനിന്ന് ഏതാണ്ട് 400 കോടി രൂപയും ഡീസലിൽനിന്ന് 350 കോടി രൂപയുമാണ് പ്രതിമാസം സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തിൽ ലഭിക്കുക. വിലവർധന തുടർന്നാൽ ഇത് വീണ്ടും ഉയരും. പക്ഷെ, ലോക്ഡൗണിൽ ഇളവു വന്നിട്ടും സംസ്ഥാനത്ത് ഇപ്പോഴും ഇന്ധനവില്പന പഴയ നിലയിലേക്ക് ഉയർന്നിട്ടില്ല.
പമ്പുടമകൾക്കും ബാധ്യത
ഇന്ധന വിലവർധന പൊതുജനങ്ങൾക്ക് മാത്രമല്ല, പമ്പുടമകൾക്കും ഇരുട്ടടിയാണ്. ഒരു പമ്പുടമയ്ക്ക് ഒരു ലോഡിന്റെ മേൽ 1.20 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നത്. അതായത്, ഒരു മാസം ഏതാണ്ട് 36 ലക്ഷം രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ.കെ.എഫ്.പി.ടി.) മുൻ സെക്രട്ടറി എം. രാധാകൃഷ്ണൻ പറഞ്ഞു.
ഓരോ ആറു മാസം കൂടുമ്പോഴും കമ്മിഷൻ പരിഷ്കരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും കഴിഞ്ഞ അഞ്ചുവർഷമായി കമ്മിഷൻ കൂട്ടിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ, വൈദ്യുതിച്ചെലവും വേതനവും വൻതോതിൽ കൂടുകയും ചെയ്തു.
Published in Mathrubhumi on 16/06/2020