മാസ ശമ്പളത്തിൽനിന്ന് നല്ലൊരു തുക മിച്ചംപിടിച്ച് കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾ യാഥാർഥ്യമാക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാവും. പക്ഷേ, ചെലവുകൾ കഴിഞ്ഞ് മിച്ചംപിടിക്കാൻ ഒന്നുമുണ്ടാവില്ലെന്നതാണ് സത്യം. ഇപ്പോഴിതാ കൊറോണ മൂലമുള്ള മാന്ദ്യത്തിൽ മിക്കവരുടെയും വരുമാനം കുറഞ്ഞിട്ടുണ്ടാകും. ഇനി ഇപ്പോഴൊന്നും സമ്പാദ്യത്തെക്കുറിച്ച് ആലോചിക്കേണ്ട എന്നാവും മനസ്സിൽ. പക്ഷേ, തികച്ചും ലളിതമായ മാർഗത്തിലൂടെ വരുമാനത്തിന്റെ 30 ശതമാനം വരെ മിച്ചംപിടിക്കാനുള്ള ഒരു വഴിയുണ്ട്, അതും ഒട്ടും പിശുക്കാതെ. അതിന്റെ പേരാണ് ‘കാകീബോ’ (Kakeibo). ഇതൊരു ജാപ്പനീസ് വ്യക്തിഗത ബജറ്റിങ് രീതിയാണ്. ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വേണ്ടത് ഒരു കുഞ്ഞുബുക്കും പേനയും മാത്രം. പിന്നെ, മിച്ചംപിടിച്ച് ജീവിത ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാനുള്ള മനസ്സും.
നിലവിൽ വ്യക്തിഗത സമ്പാദ്യശീലങ്ങൾ ട്രാക്ക് ചെയ്യാൻ ഒട്ടേറെ മൊബൈൽ ആപ്പുകൾ ലഭ്യമാണെങ്കിലും അതൊന്നും പ്രാവർത്തികമാകാറില്ല. വരവുചെലവുകൾ ബുക്കും പേനയും ഉപയോഗിച്ച് എഴുതി സൂക്ഷിക്കുമ്പോൾ പണം കൈകാര്യം ചെയ്യുന്നതിലെ തെറ്റുകൾ മനസ്സിലാക്കി തിരുത്താൻ നിങ്ങൾക്ക് കൂടുതൽ സമയവും സന്ദർഭവും ലഭിക്കുന്നു. അതിനാൽ, കാകീബോ രീതി അവലംബിക്കുന്നവർക്ക് കണക്കെഴുത്ത് നിർബന്ധമാണ്.
എന്താണ് കാകീബോ?
ജപ്പാനിലെ വീട്ടമ്മമാർക്ക് വീട്ടുചെലവുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ വേണ്ടി പത്രപ്രവർത്തകയായിരുന്ന ഹാനി മോട്ടോകോ 1904-ൽ വികസിപ്പിച്ചെടുത്ത കണക്കെഴുത്ത് സമ്പ്രദായമാണ് ‘കാകീബോ’. കുടുംബത്തിന്റെ വരവുചെലവുകൾ എഴുതിവയ്ക്കുന്ന ലെഡ്ജർ എന്നതാണ് കാകീബോ എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥം.
ഓരോരുത്തരുടെയും ചെലവഴിക്കൽ ശീലം സ്വയം മനസ്സിലാക്കി, വേണ്ട തിരുത്തൽ വരുത്തുന്നതിലൂടെ പണം മിച്ചംവയ്ക്കാൻ ഇത് സഹായിക്കുന്നു. നാല് ലളിതമായ ചോദ്യങ്ങളിലൂടെയാണ് ഇതിന് ഉത്തരം കണ്ടെത്തുന്നത്:
1. നിങ്ങളുടെ കൈവശമുള്ള പണം എത്ര?
2. അതിൽ എത്ര രൂപ മിച്ചം പിടിക്കണമെന്നുണ്ട്?
3. നിങ്ങൾ എത്ര തുകയാണ് ചെലവഴിക്കുന്നത്?
4. നിങ്ങൾക്ക് എത്ര കൂടുതൽ തുക മിച്ചംവയ്ക്കാനാകും?
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായാൽ ആ നിമിഷം മുതൽ നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കാനാകും. മൂന്നോ നാലോ മാസം കൊണ്ടുതന്നെ ഇതിന്റെ ഗുണം അനുഭവിക്കാനാകും, മിക്കവരിലും.
ചെലവുകളെ നാലായി തിരിക്കാം
ചെലവുകളെ കൃത്യമായി അപഗ്രഥിച്ചാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാനാകും. കാകീബോ രീതി അനുസരിച്ച് ചെലവുകളെ നാല് വിഭാഗങ്ങളായി തിരിക്കാം:
1. ആവശ്യത്തിന് വാങ്ങുന്നത്: പലചരക്ക് സാധനങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ. ജീവിക്കണമെങ്കിൽ ഇവ കൂടിയേ തീരൂ.
2. ആഗ്രഹം നിറവേറ്റാൻ വാങ്ങുന്നത്: അത്യാവശ്യമല്ലെങ്കിലും നമ്മൾ ചില വസ്തുക്കൾ പെട്ടെന്നുള്ള ആഗ്രഹത്തിന് വാങ്ങും. ഉദാഹരണം: വില കൂടിയ ഫോൺ, പുതിയ പുതിയ വാച്ചുകൾ, പാദരക്ഷകൾ, ഇടയ്ക്കിടെ മുന്തിയ റെസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണം.
3. വിനോദം: തിയേറ്ററിൽ ചെന്ന് സിനിമ കാണുന്നത്, പുസ്തകങ്ങൾ വാങ്ങുന്നത് തുടങ്ങിയവ.
4. അപ്രതീക്ഷിതമായി വരുന്ന ചെലവുകൾ: അസുഖം വന്ന് ഡോക്ടറെ കാണേണ്ടി വരുന്നത്, കാർ കേടാകുന്നത്, ഗൃഹോപകരണങ്ങൾ കേടാകുന്നത്…
കാകീബോ എങ്ങനെ ഉപയോഗിക്കണം?
ശീലങ്ങൾ മാറ്റാൻ ബുദ്ധിമുട്ടാണ്. അതുപോലെ തന്നെയാണ് ചെലവഴിക്കൽ ശീലവും. അതിനാൽ, കാകീബോ രീതി തുടക്കത്തിൽ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, അത് ശീലിക്കുന്തോറും അതിന്റെ പ്രയോജനം തിരിച്ചറിയാൻ കഴിയും. പടിപടിയായി ഈ രീതി ശീലമാക്കാം.
1. ബജറ്റ് ഉറപ്പിക്കുക
മാസത്തിന്റെ ആരംഭത്തിൽ മാസ വരുമാനവും ഉറപ്പായ ചെലവുകളും (വാടക, ഫോൺ വാടക, വായ്പ തിരിച്ചടവ് തുടങ്ങിയവ) എഴുതിവയ്ക്കുക. വരുമാനത്തിൽനിന്ന് ഈ ചെലവുകൾ കുറയ്ക്കുക. അപ്പോൾ ആ മാസം ചെലവഴിക്കാൻ നിങ്ങളുടെ കൈയിൽ എത്ര രൂപയാണ് അവശേഷിക്കുന്നത് എന്നതിനെക്കുറിച്ച് ചിത്രം വ്യക്തമാകും.
2. എത്ര തുക മിച്ചം വയ്ക്കണം?
വരുമാനത്തിൽനിന്ന് ഉറപ്പായ ചെലവുകൾ കുറച്ചാൽ കിട്ടുന്ന തുകയിൽനിന്ന് എത്ര രൂപ സമ്പാദ്യത്തിനായി മിച്ചം പിടിക്കണമെന്ന് തീരുമാനിക്കുക.
3. ചെലവഴിക്കൽ രീതി മനസ്സിലാക്കുക
ഓരോ ദിവസവും രാത്രി അന്നന്നത്തെ ചെലവുകൾ ചെറിയൊരു ബുക്കിൽ എഴുതിവയ്ക്കുക. 10 രൂപയുടെ ചായയാണെങ്കിലും 50,000 രൂപയുടെ ലാപ്ടോപ്പ് ആണെങ്കിലും വാങ്ങിയ ഓരോന്നും എന്താണെന്നും അതിന് ചെലവഴിച്ച തുക എത്രയെന്നും എഴുതുക. ഓരോ ചെലവും നേരത്തെ സൂചിപ്പിച്ച നാല് വിഭാഗങ്ങളിൽ ഏതിൽ പെടുത്താമെന്ന് എഴുതുക. അതായത്, അത്യാവശ്യത്തിനാണോ, ആഗ്രഹ പ്രകാരമാണോ, വിനോദത്തിനാണോ, പെട്ടെന്നുള്ള ചെലവാണോ എന്ന് രേഖപ്പെടുത്തുക. ഓരോ മാസവും ഓരോ വിഭാഗത്തിലും എത്ര രൂപ ചെലവഴിച്ചുവെന്ന് കണക്കാക്കുക. ഇതിലൂടെ നിങ്ങളുടെ ചെലവഴിക്കൽ സ്വഭാവം മനസ്സിലാക്കാനാകും.
4. എത്ര തുക മിച്ചം വച്ചു?
മാസാവസാനം വരുമാനത്തിൽനിന്ന് ചെലവുകൾ കുറച്ചാൽ എത്ര തുക മിച്ചമുണ്ടെന്ന് കണക്കാക്കുക. മാസത്തിന്റെ തുടക്കത്തിൽ നിങ്ങൾ ലക്ഷ്യമിട്ട തുകയിലേക്ക് എത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ ചെലവുകൾ അപഗ്രഥിച്ച് അടുത്ത മാസങ്ങളിൽ കൂടുതൽ മിച്ചം പിടിക്കാൻ ശ്രമിക്കുക.
ഷോപ്പിങ്ങിൽ ശ്രദ്ധിക്കാൻ
നമ്മുടെ വീട്ടിന്റെ കോണുകളിലോ അലമാരയിലോ നോക്കിയാൽ അറിയാം, നാം വാങ്ങിക്കൂട്ടിയ പലതും നാം ഒരുതവണ പോലും ഉപയോഗിച്ചിട്ടുണ്ടാവില്ല. പെട്ടെന്നുള്ള ഒരാഗ്രഹത്തിന് വാങ്ങുന്നതായിരിക്കും. ഷെൽഫിൽ ഇരിക്കുന്ന പുസ്തകങ്ങൾ, ഫ്രിഡ്ജിനുള്ളിലുള്ള ചില ഉത്പന്നങ്ങൾ, അലമാരയിൽ ഇരിക്കുന്ന ചില വസ്ത്രങ്ങൾ എന്നിവയൊക്കെ കണ്ടാൽ ഇത് ബോധ്യമാകും. നാം അത് വാങ്ങാനായി പണം ചെലവഴിക്കുന്നതോടെ നമ്മുടെ ആഗ്രഹം പൂവണിയുകയാണ്.
ഇത്തരം പാഴ്ച്ചെലവുകൾക്ക് കാകീബോ പരിഹാരം നൽകുന്നുണ്ട്. അനാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ അത്തരം വസ്തുക്കൾ വാങ്ങുംമുമ്പ് ചില കാര്യങ്ങൾ സ്വയം ചോദിക്കുക:
• എനിക്ക് ഇത് പ്രാപ്യമാണോ?
• ഇത് ശരിക്കും എനിക്ക് ആവശ്യമുണ്ടോ?
• വാങ്ങിയാൽ ഇത് ഞാൻ ഉപയോഗിക്കുമോ?
• ഈ വസ്തു ആദ്യം കണ്ടത് എവിടെയാണ്? (സോഷ്യൽ മീഡിയയിലോ സുഹൃത്തിന്റെ കൈയിലോ…?)
• ഇന്ന് എന്റെ മാനസികാവസ്ഥ എങ്ങനെയാണ്? (ബോർ അടിച്ചിരിക്കുകയാണോ, അത്യാഹ്ലാദത്തിലാണോ, വിഷമത്തിലാണോ, മാനസിക സമ്മർദത്തിലാണോ…?)
• ഇത് വാങ്ങിയാൽ എനിക്ക് എങ്ങനെയുണ്ടാകും? (സന്തോഷമാകുമോ…?)
ഈ ചോദ്യങ്ങളൊക്കെ ചോദിച്ച ശേഷവും വാങ്ങണമെന്നു തന്നെയാണെങ്കിൽ വാങ്ങൽ അടുത്ത തവണയിലേക്ക് മാറ്റിെവച്ചുനോക്കുക. അത്യാവശ്യമല്ലെങ്കിൽ നിങ്ങൾ അത് മറന്നുകൊള്ളും. അത്യാവശ്യമല്ലാത്ത കാര്യങ്ങൾ നീക്കിെവച്ച് വലിയ തുക മിച്ചംപിടിക്കാനാകും. ഇനി, രണ്ടാമത്തെ തവണയും വാങ്ങണമെന്നു തന്നെയാണെങ്കിൽ നിങ്ങൾ അത് വാങ്ങുക.
സമ്മാനങ്ങളും ശിക്ഷയും
കാകീബോ വെറും കണക്കെഴുത്തു മാത്രമല്ല, രസകരമായ ചില സമ്പ്രദായങ്ങൾ കൂടിയുണ്ട്. നല്ല ശീലങ്ങൾ മുടക്കിയാലും മോശം ശീലങ്ങൾ തുടർന്നാലും പിഴ നൽകേണ്ടി വരും കാകീബോയിൽ. നിങ്ങൾ സ്ഥിരമായി ജിമ്മിൽ പോകുന്ന ആളാണെന്നു കരുതുക. ഒരു ദിവസം അത് മുടക്കിയാൽ 10 രൂപയോ 20 രൂപയോ നിങ്ങളുടെ പണപ്പെട്ടിയിൽ പിഴയായി നിക്ഷേപിക്കേണ്ടി വരും. അതുവഴി നിങ്ങൾ അച്ചടക്കവും ആരോഗ്യവുമുള്ളയാളായി മാറും. അല്ലെങ്കിൽ, നിങ്ങളുടെ പണപ്പെട്ടി നിറയും. രണ്ടാണെങ്കിലും ഗുണം നിങ്ങൾക്കുതന്നെ.
ഓരോ തവണ ഷോപ്പിങ്ങിനു പോകുമ്പോഴും കുറച്ചു തുക നിങ്ങളുടെ പണപ്പെട്ടിയിലേക്ക് നിക്ഷേപിക്കുക. ഉദാഹരണത്തിന്, സൂപ്പർമാർക്കറ്റിൽനിന്ന് നിങ്ങൾ 1,850 രൂപയുടെ സാധനങ്ങൾ വാങ്ങുന്നു. ബാക്കി കിട്ടുന്ന 150 രൂപ നിങ്ങൾ പണപ്പെട്ടിയിൽ നിക്ഷേപിക്കുക. 2,000 രൂപയുടെ പർച്ചേസ് നടത്തിയെന്ന ‘അഭിമാനബോധ’വും ഉണ്ടാവും, സമ്പാദ്യം വർധിപ്പിക്കുകയും ചെയ്യാം.
ഷോപ്പിങ് ലിസ്റ്റ്
ഷോപ്പിങ്ങിനിടയിലാണ് അനാവശ്യമായ സാധനങ്ങൾ നാം പലപ്പോഴും വാങ്ങിക്കൂട്ടുന്നത്. അതിനാൽ, എന്തൊക്കെ വാങ്ങണമെന്ന് തീരുമാനിച്ച് ഒരു ലിസ്റ്റുമായി ഷോപ്പിങ്ങിനിറങ്ങിയാൽ പാഴ്ച്ചെലവുകൾ ഒഴിവാക്കാം.
കാകീബോയെക്കുറിച്ച് അടുത്തറിയാൻ
കാകീബോയെക്കുറിച്ച് ഏതാനും പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഇവയാണ്:
Kakeibo: The Japanese Art of Saving Money
Kakebo: The Japanese Art of Mindful Spending
(Published in Mathrubhumi Dhanakaryam on 15/06/2020)
#Kakeibo #Kakebo #Personalfinance #householdbudgeting #Japanese
—
Regards, R.Roshan